കൊച്ചി: എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. പടയപ്പ ഫൈസൽ എന്നറിയപ്പെടുന്ന ഫൈസൽ, കൂട്ടാളി ആഷി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. എംഡിഎംഎ വിൽപ്പനയ്ക്ക് തൊടുപുഴയിലെത്തിയപ്പോഴാണ് ഇരുവരും പൊലീസിന്‍റെ പിടിയിലായത്.
നിരവധി കുറ്റകൃത്യങ്ങളിലെ പ്രതികളായ ഇരുവരും ഫോർട്ട് കൊച്ചി സ്വദേശികളാണ്. കഴിഞ്ഞ ദിവസം രാത്രി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽക്കുന്നതിനായി എത്തിയതിനിടെയാണ് ഇരുവരും പിടിയിലായത്. ദേഹപരിശോധനയിൽ 4.18 ഗ്രാം എംഡിഎംഎയും ലഹരി ഗുളികകളും പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ഒന്നാം പ്രതി ഫൈസൽ എറണാകുളത്തെ പ്രധാന എംഡിഎംഎ കച്ചവടക്കാരനാണെന്ന് പൊലീസ് പറയുന്നു. വിവിധ കേസുകളിൽ പ്രതിയാണ് രണ്ടാം പ്രതി ആഷിക്. ഇയാള്‍ക്കെതിരെ 248 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. 21 മാസം റിമാൻഡിന് ശേഷം പുറത്തിറങ്ങിയതാണ് ഇയാള്‍. തോപ്പുംപടി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
പ്രതികൾ തൊടുപുഴ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പനയ്ക്ക് എത്തിയെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും ക്വട്ടേഷൻ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തികൾക്കായി വന്നതെന്ന സംശയവും പൊലീസിനുണ്ട്. റിമാൻഡിലയച്ച പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി വീണ്ടും ചോദ്യം ചെയ്യാനാണ് തൊടുപുഴ പൊലീസിന്റെ നീക്കം.