കൊല്ലം: ജില്ലയിൽ എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 12 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. മീനാട് സ്വദേശി രതീഷ്, കായംകുളം കൃഷ്ണപുരം സ്വദേശി അമിതാഭ് ചന്ദ്രൻ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴപ്പെടുത്തിയത്.
പരിശോധനയ്ക്കിടെ രണ്ടാം പ്രതിയായ അമിതാഭ് ചന്ദ്രൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് എക്സൈസ് സംഘത്തെ ആക്രമിക്കാൻ മുതിർന്നു. ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കത്തി പിടിച്ചുവാങ്ങിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പിടിയിലായ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അമിതാഭ് ചന്ദ്രൻ 2023-ൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ്. ഒന്നാം പ്രതിയായ രതീഷ് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ ലഹരിമരുന്ന് വിൽപന സംഘത്തിലെ പ്രധാനികളാണെന്നാണ് എക്സൈസ് നിഗമനം. പിടിച്ചെടുത്ത എം.ഡി.എം.എ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്നതാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.