കണ്ണൂർ: ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂര്‍ സ്വദേശി മിഥിലാജിന് കൊണ്ടുപോകാനായി എത്തിച്ച അച്ചാറിലാണ് 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലുമാണ് കണ്ടെടുത്തത്.
വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന മിഥിലാജിന്റെ വീട്ടിലേക്ക് ജിസിന്‍ ബുധനാഴ്ച രാത്രിയിലാണ് അച്ചാര്‍ എത്തിച്ചത്. മിഥിലാജിന്റെ കൂടെ ജോലി ചെയ്യുന്ന വഹീന്‍ എന്നയാള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് അച്ചാര്‍ എത്തിച്ചിരുന്നത്. മിഥിലാജിന്റെ ഭാര്യാപിതാവ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ അച്ചാര്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ഇതില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അച്ചാര്‍ മിഥിലാജിന്റെ വീട്ടിലെത്തിച്ച അയല്‍വാസിയായ ജിസിന്‍ അടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.