കൊച്ചി : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന എം.സി.കമറുദ്ദീന് ജാമ്യം. ഫാഷൻ ഗോൾഡ് ചെയർമാൻ കൂടിയായ കമറുദ്ദീന് പുറമെ മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾക്കും ഇ.ഡി റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രതികൾക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണ നിരോധന നിയമ (പിഎംഎൽഎ)ത്തിന്റെ പരിധിയിൽ വരില്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇരുവർക്കുമെതിരെയുള്ള കേസുകളിൽ ഐപിസി 420 എന്ന വഞ്ചനാ കേസ് നിലനിൽക്കില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
വൻ ലാഭം വാഗ്ദാനംചെയ്തു നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്നാണ് കേസ്. കമറുദ്ദീൻ, പൂക്കോയ തങ്ങൾ ഉൾപ്പെടെ 29 പേരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ, കാസർകോട് ജില്ലകളിലായി 168 കേസുകളാണ് റജിസ്റ്റർ ചെയ്തത്.