തിരുവനന്തപുരം : കേരളത്തിൽ തമിഴ്‌നാട് മോഡൽ റീസൈക്കിൾ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. മദ്യക്കുപ്പികൾ ഔട്ട്ലെറ്റിൽ തിരികെ നൽകുന്ന പക്ഷം 20 രൂപ ലഭിക്കും. ഈ പദ്ധതി ജനുവരി മുതൽ പ്രാബല്യത്തിൽ വരും. (MB Rajesh on Liquor bottles )
ഇക്കാര്യം അറിയിച്ചത് മന്ത്രി എം ബി രാജേഷ് ആണ്. മദ്യം വാങ്ങുന്നവരിൽ നിന്നും ആദ്യം 20 രൂപ ഡെപ്പോസിറ്റായി കൈപ്പറ്റും. പിന്നീട് പ്ലാസ്റ്റിക് കുപ്പികൾ തിരികെ നൽകുമ്പോൾ 20 രൂപ തിരികെ കൊടുക്കും. ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുന്നത് വാങ്ങിയ ഔട്ട്ലെറ്റുകളിൽ തന്നെ കുപ്പികൾ തിരിച്ചു കൊടുക്കുമ്പോഴാണ്.
ഒരു വർഷം ബെവ്‌കോ 70 കോടി മദ്യക്കുപ്പികളാണ് വിറ്റഴിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. പ്രീമിയം കാറ്റഗറി ബോട്ടിലുകൾ ഗ്ലാസ് ബോട്ടിലാകും. കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു പ്രീമിയം കൗണ്ടർ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാവുക. മദ്യം ഓൺലൈൻ ഡെലിവറി ചെയ്യുന്ന കാര്യവും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.