തിരുവനന്തപുരം: കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടി മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. കോർപ്പറേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള സഹകരണം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി വി.വി. രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.(Mayor VV Rajesh meets CM, Seeks support for city development)
സംസ്ഥാന തലസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് വരാവുന്ന കേന്ദ്ര പദ്ധതികൾ പരമാവധി നേടിയെടുത്ത് മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. വികസന കാര്യങ്ങളിൽ സർക്കാരിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകിയതായും മേയർ വ്യക്തമാക്കി.
മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി വി.വി. രാജേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു എന്ന തരത്തിൽ വന്ന വാർത്തകൾ നേരത്തെ വിവാദമായിരുന്നു. വി.വി. രാജേഷിനെ മുഖ്യമന്ത്രി അങ്ങോട്ട് വിളിച്ചതല്ലെന്നും, രാജേഷ് മുഖ്യമന്ത്രിയുടെ പി.എയെ വിളിച്ച് സംസാരിക്കാൻ അനുവാദം ചോദിച്ചതിനെത്തുടർന്ന് കണക്ട് ചെയ്യുകയായിരുന്നു എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
താൻ മേയറാകാൻ പോവുകയാണെന്നും നേരിട്ട് കാണാമെന്നും രാജേഷ് അറിയിച്ചപ്പോൾ "ആവട്ടെ, അഭിനന്ദനങ്ങൾ" എന്ന് മുഖ്യമന്ത്രി മറുപടി നൽകിയതല്ലാതെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ആശംസിച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നായിരുന്നു ഓഫീസ് നിലപാട്.