തിരുവനന്തപുരം: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മംദാനിയുടെ വിജയം ലോകമെമ്പാടുമുള്ള ഇടതുപക്ഷ ആദർശങ്ങളുടെ പ്രസക്തിക്ക് തെളിവാണെന്നും, കേരളത്തിലെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാൻ തിരുവനന്തപുരം സന്ദർശിക്കണമെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.(Mayor Arya Rajendran invites Zohran Mamdani to Trivandrum )
"നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം."
അഭിനന്ദനമറിയിച്ച മേയർ, കേരളത്തിന്റെ ഭരണമാതൃക നേരിൽ കാണാൻ മംദാനിയെ ക്ഷണിച്ചു. "ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു."
ന്യൂയോർക്ക് സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും ആദ്യത്തെ ദക്ഷിണേഷ്യൻ, ഇന്ത്യൻ വംശജനായ മേയറായും തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി നേരത്തെ തന്റെ പ്രസംഗത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഉദ്ധരിച്ചത് വാർത്തയായിരുന്നു.