

തൃശൂർ: കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ അധികാര തർക്കം പരിഹാരത്തിലേക്ക്. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നൂറ്‍ജഹാൻ നവാസ് സ്ഥാനം രാജിവയ്ക്കും. പാർട്ടി വിപ്പ് ലംഘിച്ചതിന് പുറത്താക്കപ്പെട്ട എട്ട് കോൺഗ്രസ് അംഗങ്ങളും പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതോടെയാണ് നാടകീയ നീക്കങ്ങൾ അവസാനിക്കുന്നത്.
റുമാറിയ അംഗങ്ങളുമായി റോജി എം. ജോൺ എം.എൽ.എ നടത്തിയ ചർച്ചയാണ് മഞ്ഞുരുകാൻ കാരണമായത്. പാർട്ടിയിലേക്ക് തിരിച്ചുപോകാമെന്ന വിട്ടുവീഴ്ചയ്ക്ക് വിമതർ തയ്യാറായതോടെ പുറത്താക്കൽ നടപടി കോൺഗ്രസ് പിൻവലിക്കും. തങ്ങൾ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും എക്കാലത്തും കോൺഗ്രസ് തന്നെയാണെന്നും വിമത നേതാവ് ടി.എം. ചന്ദ്രൻ വ്യക്തമാക്കി. എൽ.ഡി.എഫ് ഭരണം പിടിക്കുന്നത് ഒഴിവാക്കാനാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ വിശദീകരണം.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് രാജിവയ്ക്കാൻ തയ്യാറായേക്കില്ല എന്നാണ് സൂചന. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.ആകെ 23 അംഗങ്ങളുള്ള മറ്റത്തൂർ പഞ്ചായത്തിൽ 10 അംഗങ്ങളുള്ള എൽ.ഡി.എഫിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നത്. കോൺഗ്രസിന്റെ എട്ട് അംഗങ്ങളും ബിജെപിയുടെ അഞ്ച് അംഗങ്ങളും ചേർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാൽ ബിജെപി പിന്തുണ സ്വീകരിച്ചത് സംസ്ഥാനതലത്തിൽ കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചത്.