

തൃശൂർ: കോൺഗ്രസ് അംഗങ്ങൾ ബിജെപി പിന്തുണയോടെ അധികാരം പിടിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദത്തിനാണ് മറ്റത്തൂരിൽ അയവ് വരുന്നത്. വൈസ് പ്രസിഡന്റ് നൂർഷഹാൻ നവാസ് തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും രാജിക്കത്ത് കൈമാറും.
ബിജെപിയുടെ വോട്ട് വാങ്ങി വിജയിച്ച വൈസ് പ്രസിഡന്റ് നൂർഷഹാൻ നവാസ് സ്ഥാനം ഒഴിയാൻ സമ്മതിച്ചു. മുൻ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രന്റെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.വൈസ് പ്രസിഡന്റ് രാജി പ്രഖ്യാപിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പ്രസിഡന്റ് ടെസി ജോസ് രാജി വെക്കില്ലെന്ന് വിമതർ വ്യക്തമാക്കി.
റോജി എം. ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളാണ് വിമതരെ അനുനയിപ്പിക്കാൻ സഹായിച്ചത്.മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭരണം തടയാൻ എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാവുകയും കോൺഗ്രസ് വിമതർ ബിജെപി പിന്തുണയോടെ അധികാരം പിടിക്കുകയും ചെയ്തു. എന്നാൽ ഇത് വലിയ രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ് രംഗത്തെത്തിയതോടെയാണ് നേതൃത്വം അടിയന്തര ഇടപെടൽ നടത്തിയത്.