തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ നാടകീയമായ ഭരണമാറ്റത്തിലും കൂറുമാറ്റത്തിലും കടുത്ത നടപടികളുമായി കോൺഗ്രസ് നേതൃത്വം. ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ പ്രസിഡന്റും വൈസ് പ്രസിഡന്റും 10 ദിവസത്തിനുള്ളിൽ രാജിവെക്കണമെന്ന് തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.(Mattathur issue, DCC without compromise, 10-day ultimatum)
രാജിവെച്ചാൽ ഇവർക്കെതിരെ എടുത്ത നടപടികൾ പുനപരിശോധിക്കാൻ തയ്യാറാണെന്നും, അല്ലാത്തപക്ഷം അയോഗ്യരാക്കാനുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
മറ്റത്തൂർ പഞ്ചായത്തിലെ കക്ഷിനില എൽഡിഎഫ്: 10, യുഡിഎഫ്: 8 (കൂടാതെ 2 വിമതർ), ബിജെപി: 4 എന്നിങ്ങനെ ആയിരുന്നു. യുഡിഎഫ് വിമതനായ കെ.ആർ. ഔസേപ്പിനെ ഇടതുമുന്നണി തങ്ങളുടെ ക്യാമ്പിലെത്തിച്ചതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ഇതിന് പകരമായി ബിജെപിയുടെ 4 അംഗങ്ങളുടെ പിന്തുണ സ്വീകരിച്ച് കോൺഗ്രസ് ഭരണം പിടിക്കുകയായിരുന്നു. 'ഓപ്പറേഷൻ ലോട്ടസ്' എന്ന് സിപിഎം വിശേഷിപ്പിക്കുന്ന ഈ നീക്കം രാഷ്ട്രീയമായി കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.