

മട്ടന്നൂർ: അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 10 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിൽ പ്രതിയെ മട്ടന്നൂർ പോലീസ് പിടികൂടി. കല്യാണത്തട്ടിപ്പുകാരൻ കൂടിയായ പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) വയനാട്ടിലെ കാട്ടിക്കുളത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...
തെരൂർ പാലയോട്ടെ 'പൗർണമി'യിൽ ടി. നാരായണന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു കവർച്ച. ഈ മാസം 22-ന് നാരായണൻ മകളുടെ ബംഗളൂരുവിലെ വീടിലേക്ക് പോയ സമയത്താണ് നവാസ് മോഷണം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയ നാരായണൻ മുൻവാതിൽ തകർത്ത നിലയിൽ കാണുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കരിമണി മാല, മൂന്ന് മോതിരങ്ങൾ, കമ്മൽ എന്നിവയടക്കം പത്തു പവനും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
വീടിന് ചുറ്റും സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് മുൻഭാഗത്തെയും പിൻഭാഗത്തെയും ക്യാമറകൾ തകർത്ത് കൊണ്ടുപോയിരുന്നു. എന്നാൽ ഇതിനിടയിൽ ഒരു ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്. മോഷണത്തിന് ശേഷം കർണാടകയിൽ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ നവാസിനെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്. പ്രതിയെ മട്ടന്നൂരിൽ എത്തിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.