തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റുള്ളവർക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. രംഗത്ത്. മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമലംഘനം നടന്നോ എന്നതിനേക്കാൾ ദുരൂഹവും ഗൗരവതരവുമായ പ്രശ്‌നങ്ങളുണ്ടെന്നും, സംസ്ഥാനം ആരില്‍ നിന്നാണ് പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Mathew Kuzhalnadan on the Masala Bond deal and raises questions)
കിഫ്ബി മുഖേന കേരളം പണം വാങ്ങിയത് ആരില്‍ നിന്നാണെന്ന് പറയുന്നതിൽ സർക്കാരിന് എന്താണ് തടസ്സമെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. "വിവരാവകാശ നിയമപ്രകാരം ഇത് താൻ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്‍ നിന്നാണെന്ന് പുറത്തുവന്നാൽ ഇടപാടിന്റെ മറ്റ് താത്പര്യങ്ങൾ പുറത്താകും. മലയാളികൾക്ക് പരിചയമുള്ള പല പേരുകളും പുറത്തുവന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാൻ കാരണമാകും."
ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാൾ വലുതായി താൻ കാണുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. കിഫ്ബി മസാല ബോണ്ട് ഇടപാട് സുതാര്യമല്ല എന്ന സൂചന നൽകുന്നതാണ് സർക്കാരിന്റെ ഈ ഒളിച്ചുകളിയെന്നും അദ്ദേഹം ആരോപിച്ചു.