തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് എംഎൽഎയെ ചോദ്യം ചെയ്തത്.
വിജിലൻസിന് നൽകിയ മൊഴിയിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം മാത്യു കുഴൽനാടൻ തള്ളിക്കളഞ്ഞു.2021-ൽ റവന്യൂ രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഭൂമി വാങ്ങിയത്. അക്കാലയളവിൽ ഭൂമി സംബന്ധിച്ച് യാതൊരുവിധ കേസുകളും നിലവിലുണ്ടായിരുന്നില്ല.
ഭൂമി രജിസ്റ്റർ ചെയ്തപ്പോൾ ആധാരത്തിൽ വില കുറച്ചു കാണിച്ചുവെന്ന ആരോപണം തെറ്റാണ്.പുറമ്പോക്ക് ഭൂമി കൈയേറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. റവന്യൂ നിയമങ്ങൾ പാലിച്ചാണ് ഇടപാട് നടത്തിയത്.ചിന്നക്കനാലിൽ അനുവദനീയമായതിലും അധികം ഭൂമി (50 സെന്റ് അധിക ഭൂമി) കൈവശം വെച്ചുവെന്നും റിസോർട്ട് നിർമ്മാണത്തിൽ അപാകതകളുണ്ടെന്നുമാണ് എംഎൽഎയ്ക്ക് എതിരെയുള്ള കേസ്. ഈ കേസിൽ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ.
വിജിലൻസിന് പുറമെ, ഈ ഇടപാടിലെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) അന്വേഷണം നടത്തുന്നുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം വിജിലൻസ് തുടർനടപടികൾ സ്വീകരിക്കും.