
ബിഗ് ബോസ് ഹൗസിലെത്തിയ അഞ്ച് വൈൽഡ് കാർഡുകളിൽ മലയാളികൾക്ക് ഏറ്റവും പരിചിതമായ മുഖമാണ് മസ്താനിയുടേത്. സെലബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ മസ്താനി ബിഗ് ബോസ് ഹൗസിൽ ലക്ഷ്യം വച്ചിരിക്കുന്നത് രേണു സുധിയെ ആണ്.
അൻവറ സുൽത്താന എന്നാണ് മസ്താനിയുടെ യഥാർത്ഥ പേര്. ഓൺലൈൻ ചാനലുകൾക്കായി സെലബ്രിറ്റി അഭിമുഖങ്ങൾ നടത്തി പ്രശസ്തയായി. ദുൽഖർ സൽമാൻ, ധ്യാൻ ശ്രീനിവാസൻ, ദിലീപ്, അർജുൻ തുടങ്ങി നിരവധി പ്രമുഖ നടീനടന്മാരെ മസ്താനി അഭിമുഖം നടത്തിയിട്ടുണ്ട്.
ഇൻ്റർവ്യൂവർ എന്നതിനൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് മസ്താനി. ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന മസ്താനി ആദ്യത്തെ മത്സരരാർത്ഥികളിൽ ഉൾപ്പെട്ടില്ല. എന്നാൽ, വൈൽഡ് കാർഡായി ടീമിലെത്തി.
ബിഗ് ബോസിലേക്ക് വരുമ്പോൾ തന്നെ രേണു സുധി ആയിരുന്നു മസ്താനിയുടെ ഉന്നം. ഇക്കാര്യം ഏഷ്യാനെറ്റിനോട് താരം വെളിപ്പെടുത്തിയിരുന്നു. ഹൗസിനുള്ളിൽ വന്നപ്പോഴും മസ്താനി തൻ്റെ നിലപാടിൽ മാറ്റം വരുത്തിയില്ല. ആദ്യ ദിവസം തന്നെ പലതവണ മസ്താനി രേണു സുധിയെ ചൊറിഞ്ഞു. വൈൽഡ് കാർഡുകൾക്ക് ആദ്യം ലഭിച്ച ടാസ്കിൽ ബിബി വീട്ടിൽ ഒട്ടും പ്രയോജനമില്ലാത്ത ആളെ തിരഞ്ഞെടുക്കാൻ നിർദ്ദേശമുണ്ടായിരുന്നു. ഇതിൽ മസ്താനി രേണു സുധിയെയാണ് തിരഞ്ഞെടുത്തത്. പിന്നാലെ വിധവ കാർഡ് പ്രയോഗിക്കുന്നു എന്ന് ആരോപിച്ചും മസ്താനി രേണുവിനെ പ്രകോപിപ്പിച്ചു.