
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായ ഒനീൽ സാബുവിനെതിരെ ഗുരുതര ആരോപണവുമായി മസ്താനിയും വേദ് ലക്ഷ്മിയും. ഒനീൽ തന്നെ മോശമായി സ്പർശിച്ചുവെന്ന് മസ്താനി പറഞ്ഞു. ഈ കാര്യത്തെച്ചൊല്ലി ലക്ഷ്മിയും ഒനീലുമായി തർക്കിച്ചു. എന്നാൽ, ദൃശ്യങ്ങൾ വരട്ടെ, കേസാക്കാം എന്നായിരുന്നു ഒനീലിൻ്റെ പ്രതികരണം.
രാത്രി പല്ല് തേക്കുന്നതിനിടെ ലക്ഷ്മിയാണ് ആരോപണം ഉന്നയിച്ചത്. ആക്ടിവിറ്റി റൂമിലേക്ക് പോകുന്നതിനിടെ ഒനീൽ, മസ്താനിയെ മോശമായി സ്പർശിക്കുന്നത് കണ്ടെന്ന് ലക്ഷ്മി പറഞ്ഞു. സോറി പറഞ്ഞെങ്കിലും തനിക്കത് ശരിയായി തോന്നിയില്ലെന്ന് മസ്താനിയും പറഞ്ഞു. 'വീഴാൻ പോയപ്പോഴാണോ?' എന്ന് ഒനീൽ ചോദിച്ചപ്പോൾ, ലക്ഷ്മി ദേഷ്യപ്പെട്ടു. വീഴാൻ പോയപ്പോൾ ഇടിച്ചെന്നും സോറി പറഞ്ഞുവെന്നും ഒനീൽ വിശദീകരിച്ചു.
മസ്താനി സമാധാനത്തിലാണ് പ്രതികരിച്ചതെങ്കിലും ലക്ഷ്മി വളരെ ദേഷ്യത്തിലായിരുന്നു. 'ലക്ഷ്മി സംഭവം കണ്ടോ?' എന്ന് ഒനീൽ പലതവണ ചോദിച്ചിട്ടും മറുപടി പറയാൻ തയ്യാറാവാതെ ലക്ഷ്മി സംസാരിച്ചുകൊണ്ടിരുന്നു. ഇതോടെ, ‘മസ്താനി ഇത് പരാതിപ്പെടൂ. ക്യാമറയിൽ കാണിക്കട്ടെ’ എന്നായി ഒനീലിൻ്റെ പ്രതികരണം. ഇതോടെ ലക്ഷ്മി സംസാരം താത്കാലികമായി അവസാനിപ്പിച്ചു.
‘ഇതൊരു ഇഷ്യൂ അല്ല, ഇഷ്യൂ ആക്കരുത്’ എന്ന് ഒനീൽ പറഞ്ഞപ്പോൾ, ‘അത്രയും ചീപ്പായ സ്ഥലത്തുനിന്നല്ല ഞങ്ങൾ വരുന്നത്’ എന്ന് ലക്ഷ്മി തുടർന്നു. 'ലക്ഷ്മി കണ്ടില്ലെങ്കിൽ മിണ്ടാതിരിക്കൂ..' എന്ന് ഒനീൽ വീണ്ടും പറഞ്ഞു. പിന്നാലെ ലക്ഷ്മി ക്യാമറയിൽ ചെന്ന് പരാതി പറഞ്ഞു.
ഏത് ഇൻ്റൻസിറ്റിയിലുള്ള ടച്ചാണെന്ന് മസ്താനി തന്നെ കാണിച്ചു എന്നും ഒരു പ്രശ്നമാക്കി ഇത് ഉയർത്തുകയാണെന്നും ലക്ഷ്മി പറഞ്ഞു. അത് ഓക്കെ ആയിട്ടുള്ള ഒരു ടച്ചല്ല എന്നും ലക്ഷ്മി പറഞ്ഞു. പരാതിപ്പെടൂ, ക്യാമറകളിൽ നിന്ന് ദൃശ്യങ്ങളെടുക്കട്ടെ എന്ന് ഒനീൽ ആവർത്തിക്കുകയും ചെയ്തു.