
നടി ആര്യയുടെ ഉടമസ്ഥതയിലുള്ള ‘കാഞ്ചീവരം’ എന്ന ബ്യൂട്ടീക്കിന്റെ പേരിൽ വൻ തട്ടിപ്പ്. കാഞ്ചീവരത്തിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജ പതിപ്പുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. ബിഹാറിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പിന് പിന്നാലെ ആര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ആര്യ വിവരം അറിയുന്നത്. പൊലീസിൽ പരാതി നൽകിയതായി ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധിപേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും ആര്യ പറയുന്നു.
കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമ്മിച്ചാണ് തട്ടിപ്പ്. ഇതിനകം പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. എന്നാൽ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജ പേജുകൾ നിർമിക്കുന്നത്. ബന്ധപ്പെടാനായി ഫോൺ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.