മലപ്പുറം : വള്ളൂവമ്പ്രത്ത് പുലർച്ചെ വൻ തീപിടിത്തം, പ്രദേശത്തെ ഒരു വെളിച്ചെണ്ണ മില്ലാണ് തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത്. ആളപായമില്ല.(Massive fire breaks out in Malappuram, Coconut oil mill destroyed)
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മില്ലിനുള്ളിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ, കൊപ്ര തുടങ്ങിയ വസ്തുക്കളിലേക്ക് തീ ആളിപ്പടർന്നതാണ് നാശനഷ്ടങ്ങൾ കൂടാൻ കാരണം. തീ ഉയർന്നതോടെ പരിസരമാകെ പുകയിൽ മുങ്ങി.
വിവരം അറിഞ്ഞ ഉടൻ മലപ്പുറത്തുനിന്നും മഞ്ചേരിയിൽനിന്നുമായി അഞ്ചോളം യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമായി. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.