മലപ്പുറം മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം | Fire

4 യൂണിറ്റ് അഗ്നിരക്ഷാ സേന 2 മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്
മലപ്പുറം മച്ചിങ്ങലിൽ കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം | Fire
Updated on

മലപ്പുറം: മച്ചിങ്ങലിൽ പ്രവർത്തിക്കുന്ന കാർ സ്പെയർ പാർട്‌സ് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആളപായം ഒഴിവായി. കോഡൂർ സ്വദേശി വലിയാട് പിലാത്തോട്ടത്തിൽ സാലിഹിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഗോഡൗൺ. സ്ഥാപനത്തിലെ കാർ പാർട്‌സുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീ പടർന്നത്.(Massive fire breaks out at car spare parts godown in Malappuram)

ഗോഡൗണിലെ തൊഴിലാളികൾ സമീപത്ത് വാഹനം പൊളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തീ അതിവേഗം ആളിക്കത്താൻ തുടങ്ങിയെങ്കിലും തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ, തിരുവാലി എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാ സേന രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

കടയ്ക്കുള്ളിൽ ശേഖരിച്ചുവെച്ച ടയറുകളടക്കം നിരവധി പാർട്‌സുകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തകരഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ വെൽഡിങ് അടക്കമുള്ള ജോലികൾ നടന്നിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന കാർ ബംപറുകളും മറ്റും സൂക്ഷിച്ചിരുന്ന മറ്റൊരു ഗോഡൗണിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

തീ അണക്കുന്നതിനിടെ അഗ്‌നിരക്ഷാ സേനയുടെ വാഹനത്തിലെ വെള്ളം തീർന്നപ്പോൾ തൊട്ടടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. ഗോഡൗണിനു സമീപത്തുകൂടി ഗെയിൽ വാതക പൈപ്പ് ലൈനുകളും കടന്നുപോകുന്നതിനാൽ ഗെയിൽ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ജില്ലാ ഫയർ ഓഫീസർ ടി. അനൂപിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൽ സലീം, ബാബുരാജൻ എന്നിവരും നാട്ടുകാരും തീയണയ്ക്കുന്നതിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com