
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിൽ സ്ഫോടനം. ശനിയാഴ്ച പുലര്‍ച്ചെ 1.51 ഓടെയാണ് സംഭവം നടന്നത്(Massive explosion). ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിലയിരുത്തൽ. വീട്ടിൽ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുന്നുണ്ട്. അപകടത്തിൽ ഒരു വീട് പൂർണ്ണമായും തകരുകയും സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
ശബ്‍ദം കേട്ട് ഓടിയെത്തിയ പ്രദേശ വാസികൾ ഒരു വീട് പൂർണമായും കത്തുന്നതാണ് കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന തുടരുകയാണ്. അതേസമയം സ്ഫോടനമുണ്ടായ വീട്ടിൽ രാത്രി കാലങ്ങളിൽ രണ്ടുപേർ വന്നു പോകാറുണ്ടെന്നും പുലര്‍ച്ചെയോടെ മടങ്ങാറാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു.