

കോഴിക്കോട്: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ സൈബർ തട്ടിപ്പ് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പിടിയിൽ. ആലപ്പുഴ കീരിക്കാട് സ്വദേശി എസ്. മുഹ്സിൻ (28) ആണ് സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. സ്വകാര്യ സ്ഥാപനം നടത്തുന്ന കോഴിക്കോട്ടെ പരാതിക്കാരന് കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഓൺലൈൻ ജോലിയുടെ പേരിൽ പ്രതിദിന വരുമാനം ലഭിക്കുമെന്ന വാഗ്ദാനവുമായി വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്.
തട്ടിപ്പിന്റെ രീതി
ലളിതമായ ഓൺലൈൻ ടാസ്കുകൾ നൽകി, ചെറിയ തുക ലാഭമായി തിരികെ അയച്ച് വിശ്വാസം നേടിയ ശേഷമാണ് പ്രതികൾ വൻ തട്ടിപ്പ് നടത്തിയത്. വലിയ ലാഭം വാഗ്ദാനം ചെയ്ത് വൻ തുകകൾ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. 'ലെവൽ ടാസ്കുകൾ' എന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി നിക്ഷേപങ്ങൾ നടത്താൻ ആവശ്യപ്പെട്ടു. നിക്ഷേപം നടത്തിയ ശേഷം വെബ്‌സൈറ്റിലെ അക്കൗണ്ടിൽ ലാഭം അടങ്ങിയ വലിയ തുക കാണിച്ച്, കൂടുതൽ പണം അയക്കാൻ പരാതിക്കാരനെ പ്രേരിപ്പിച്ചു. ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് പ്രതികൾ ബന്ധം നിലനിർത്തിയിരുന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചാണ് പരാതിക്കാരനിൽ നിന്ന് 38,12,882 രൂപ പ്രതികൾ തട്ടിയെടുത്തത്.
നഷ്ടപ്പെട്ട പണം ക്രെഡിറ്റ് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പോലീസ് മുഹ്‌സിനെ പിടികൂടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പതിനഞ്ചോളം സൈബർ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.