കണ്ണൂർ: കുട്ടികളുടെ കസ്റ്റഡി അമ്മയ്ക്ക് നൽകിക്കൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ, പയ്യന്നൂർ രാമന്തളിയിൽ അച്ഛനും മുത്തശ്ശിയും രണ്ട് കുഞ്ഞുങ്ങളും മരിച്ച നിലയിൽ. രാമന്തളി വടക്കുമ്പാട് സ്വദേശി കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.(Mass suicide following court verdict in Payyanur)
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയിൽ വീടിന് മുന്നിൽ ഒരു കത്ത് പതിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഉണ്ണികൃഷ്ണൻ പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. കലാധരനെയും ഉഷയെയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലും, രണ്ട് കുഞ്ഞുങ്ങളെ നിലത്ത് മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇവർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
കലാധരനും ഭാര്യയും തമ്മിൽ ദീർഘകാലമായി കുടുംബകോടതിയിൽ കേസ് നിലനിന്നിരുന്നു. കലാധരനൊപ്പമായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് കുട്ടികളെയും അമ്മയ്‌ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടു.