കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കാരണം കാണിക്കൽ നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. കിഫ്ബി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ഇ.ഡി.ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.(Masala Bond Case, Relief for KIIFB, High Court stays further proceedings on ED notice)
മസാല ബോണ്ട് ഇടപാടിലെ ഇ.ഡി. നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. ഹർജിയിൽ തീരുമാനമാകും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു കിഫ്ബിയുടെ പ്രധാന ആവശ്യം. മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചു, ഇത് ചട്ടലംഘനമാണ് എന്നാണ് ഇ ഡിയുടെ ആരോപണം.
മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. ഇ.ഡി.യുടെ കണ്ടെത്തൽ ശരിയല്ലെന്നും, ഭൂമി വാങ്ങുകയല്ല വികസന പദ്ധതികൾക്കായി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും കിഫ്ബി ഹർജിയിൽ വ്യക്തമാക്കി. 2672 കോടി രൂപ സമാഹരിച്ചതിൽ 467 കോടി രൂപ ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചതിൽ ചട്ടലംഘനം ഉണ്ടെന്നാണ് ഇ.ഡി.യുടെ പ്രധാന ആരോപണം.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി.യുടെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഫെമ (FEMA) ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.