

കൊച്ചി: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇ.ഡി.) അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നൽകിയ നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. കിഫ്ബിയുടെ ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി, ഇടക്കാല ഉത്തരവിനായി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ നോട്ടീസ് നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് കിഫ്ബിയുടെ പ്രധാന ആവശ്യം.(Masala Bond Case, KIIFB moves High Court against ED notice)
മസാല ബോണ്ട് വഴി സമാഹരിച്ച 2672 കോടി രൂപ സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചത് എന്നാണ് കിഫ്‌ബി വാദിച്ചത്. 467 കോടി രൂപ ഉപയോഗിച്ച് നടത്തിയത് റിയൽ എസ്റ്റേറ്റ് കച്ചവടമല്ല, മറിച്ച് വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നും കൂട്ടിച്ചേർത്തു.
മസാല ബോണ്ട് വഴി സമാഹരിക്കുന്ന പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ, ഈ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയത് നിയമപരമായി ശരിയല്ല എന്നാണ് ഇ ഡി വാദിച്ചത്. സർക്കാരിൻ്റെ കൈവശമുള്ളതോ മറ്റ് ഫണ്ടുകൾ വഴി സർക്കാരിലേക്ക് വന്നതോ ആയ ഭൂമിയിലായിരുന്നു മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നത് എന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ടലംഘനം നടന്നെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തൽ. ഇ.ഡി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കിഫ്ബി അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റി നോട്ടീസ് നൽകിയത്. കിഫ്ബിക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവർക്കും കമ്മിറ്റി നോട്ടീസ് അയച്ചിരുന്നു.