കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയ വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി എടുത്ത നടപടി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നു. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് വിവിധ ലോക്കൽ കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നു.(Martyrs Fund scam controversy, criticism against V Kunhikrishnan's expulsion from CPM)
മുതിർന്ന നേതാക്കൾ പങ്കെടുത്ത റിപ്പോർട്ടിംഗ് യോഗങ്ങളിലാണ് അണികൾ തങ്ങളുടെ അതൃപ്തി പരസ്യമാക്കിയത്. തെറ്റ് ചൂണ്ടിക്കാട്ടിയ വ്യക്തിയെ സംരക്ഷിക്കുന്നതിന് പകരം പുറത്താക്കിയത് ശരിയായില്ലെന്ന വികാരമാണ് ലോക്കൽ കമ്മിറ്റികളിൽ ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ഈ വിഷയം ചർച്ച ചെയ്യാൻ നേതൃത്വം അനുവാദം നൽകിയില്ലെന്ന് പരാതിയുണ്ട്.
ബ്രാഞ്ച് യോഗങ്ങളിൽ പിന്നീട് അഭിപ്രായം പറയാമെന്ന് പറഞ്ഞ് നേതാക്കൾ പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും അണികൾ പൂർണ്ണമായും വഴങ്ങിയിട്ടില്ല. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി ഭീഷണി നേരിട്ട പ്രസന്നനെപ്പോലുള്ള പ്രവർത്തകരെ സമാശ്വസിപ്പിക്കാൻ നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. പ്രസന്നന്റെ വീട് സന്ദർശിച്ച നേതാക്കൾ അണികൾക്കിടയിലുള്ള അമർഷം കുറയ്ക്കാനുള്ള ശ്രമത്തിലാണ്.