കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിലെയും എൻഡിഎയിലെയും പ്രധാന കക്ഷികൾ യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സതീശന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.(Many will come to the UDF, says VD Satheesan)
യുഡിഎഫിലേക്ക് വരാൻ പലരും തയ്യാറായി നിൽക്കുകയാണ്. എന്നാൽ അവർ ആരൊക്കെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ല. കാത്തിരിക്കാനാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കേരള കോൺഗ്രസ് ഇപ്പോഴും എൽഡിഎഫിന്റെ ഭാഗമാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇനി അധികം ദിവസങ്ങൾ വേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയെ സോണിയ ഗാന്ധി നേരിട്ട് വിളിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് പാർട്ടിക്കുള്ളിലെ മുന്നണി മാറ്റ ചർച്ചകൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഭിന്നതകളും മുന്നണി മാറ്റവും ചർച്ച ചെയ്യാൻ ജനുവരി 16-ന് കേരള കോൺഗ്രസ് (എം) നിർണ്ണായക യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന വാർത്തകൾ മന്ത്രി റോഷി അഗസ്റ്റിൻ തള്ളിക്കളഞ്ഞു. പാർട്ടി ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണെന്നും മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേന്ദ്ര വിരുദ്ധ സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാത്തത് വ്യക്തിപരമായ അസൗകര്യങ്ങൾ മുൻകൂട്ടി അറിയിച്ചതിനാലാണ്. പാർട്ടിയുടെ എംഎൽഎമാരും മന്ത്രിയും സമരത്തിൽ പങ്കെടുത്തിരുന്നു. ഫേസ്ബുക്കിൽ താനിട്ട 'തുടരും' എന്ന പോസ്റ്റ് ഇടതുഭരണത്തിന്റെ തുടർച്ചയെ ഉദ്ദേശിച്ചുള്ളതാണെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റ വിഷയത്തിൽ സഭയുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. മന്ത്രി അഭ്യൂഹങ്ങൾ തള്ളുമ്പോഴും പാർട്ടിക്കുള്ളിൽ ശക്തമായ ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോസ് കെ മാണിയും രണ്ട് എംഎൽഎമാരും മുന്നണി മാറ്റത്തിന് അനുകൂലമാണെന്നാണ് സൂചന. എന്നാൽ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എൽഡിഎഫിൽ ഉറച്ചുനിൽക്കണമെന്ന നിലപാടിലാണ്.