'UDF ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടു കൂടുന്നു, പലയിടത്തും BJPക്ക് അനുകൂല സാഹചര്യം ഒരുക്കിയത് കോൺഗ്രസ്, ബീഹാറിൽ SIR കാരണം പലർക്കും വോട്ട് ചെയ്യാനായില്ല, തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നടത്തിയ അട്ടിമറി': MV ഗോവിന്ദൻ | SIR

വി. ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ നിന്ന് ഇരുവരും പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു
Many people could not vote in Bihar due to SIR, says MV Govindan
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും കൂട്ടുചേർന്ന് പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ബിജെപി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും, ഇത്തരം വർഗീയ ശക്തികൾക്കെതിരായ വിധിയെഴുത്തായിരിക്കും വരുന്ന തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.(Many people could not vote in Bihar due to SIR, says MV Govindan)

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പരിഷ്‌കരണമായ (SIR) കാരണം പലർക്കും വോട്ട് ചെയ്യാനായില്ലെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് നടത്തിയ അട്ടിമറിയാണ്.

പ്രധാനമന്ത്രിയുടെ പരസ്യ പ്രസ്താവന തന്നെ ഇതിന് ഉദാഹരണമാണ്. ബീഹാറിൽ 1000 രൂപ കൊടുക്കാൻ തീരുമാനിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തമിഴ്നാട്ടിൽ ആ തീരുമാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തെങ്കിലും ബീഹാറിൽ അത് ഉണ്ടായില്ല. പലയിടത്തും ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയത് കോൺഗ്രസാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

കേരളത്തിലെ SIR നെതിരെ സിപിഎം സുപ്രീംകോടതിയെ സമീപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരു വിഭാഗം ജനങ്ങളെ ഒഴിവാക്കാനുള്ള ശ്രമമാണിതെന്നും, എല്ലാവർക്കും വോട്ട് ചെയ്യാമെന്ന ഗ്യാരണ്ടി ഉണ്ടാകണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

"നിയമ യുദ്ധം എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാനാകുമോ അത്രത്തോളം കൊണ്ടുപോകും. SIR-ൽ എല്ലാവരും വോട്ടർ പട്ടിക പുതുക്കണം. നിയമ യുദ്ധം അതിൻ്റെ രീതിയിൽ നടക്കും. ഫോം ഉൾപ്പെടെ എല്ലാവരും പൂരിപ്പിച്ച് നൽകണം. ആരും മാറി നിൽക്കരുത്. വിമർശനം ഉന്നയിക്കുകയും കേസ് നടക്കുകയും ചെയ്യും എന്ന് കരുതി ആരും പിന്നോട്ട് പോകരുതെന്നും" അദ്ദേഹം ആഹ്വാനം ചെയ്തു.

എല്ലാവരും വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ ശ്രമിക്കണം. SIRന് സർക്കാരും പാർട്ടിയും എതിര് തന്നെയാണ്. സർക്കാരും പാർട്ടിയും പ്രത്യേകം കോടതിയെ സമീപിക്കും. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വി. ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ നിന്ന് ഇരുവരും പിന്മാറണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. "അവർ തമ്മിൽ ഏറ്റുമുട്ടൽ തുടരേണ്ടതില്ലെന്നാണ് എൻ്റെ അഭിപ്രായം," അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com