ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആനയുടെ തുമ്പിക്കൈയിൽ കുഞ്ഞിനെ ഇരുത്തി പാപ്പാന്റെ അപകടകരമായ പ്രകടനം. ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനയുടെ അടിയിലൂടെ വലംവെക്കുന്നതിനിടെ കുഞ്ഞ് നിലത്തുവീഴുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുന്നിലായിരുന്നു ഈ സാഹസം.(Man's adventure with a toddler in the elephant's trunk)
ആനയുടെ തുമ്പിക്കൈയിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് കൈവിട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ പാപ്പാൻ കുഞ്ഞിനെ വാരിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വലിയൊരു അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിവായത്.
രണ്ട് മാസം മുമ്പ് സ്വന്തം പാപ്പാനെ കുത്തിക്കൊന്ന ചരിത്രമുള്ള ആനയാണ് ഹരിപ്പാട് സ്‌കന്ദൻ. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.