

മഞ്ചേരി: മദ്യാസക്തി കുറയ്ക്കാനുള്ള ചികിത്സയ്ക്കായി മാതാവിനൊപ്പമെത്തിയ യുവാവ് മെഡിക്കൽ കോളജ് വാർഡിൽ അക്രമാസക്തനായി. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മദ്യം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ വിഭ്രാന്തിയിൽ (Withdrawal Symptoms) നേഴ്സിങ് റൂമിൽ നിന്ന് കത്തിയും മറ്റ് ഉപകരണങ്ങളും കൈക്കലാക്കിയ രോഗി മറ്റുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
മദ്യം കരളെ ബാധിച്ചതിനെത്തുടർന്ന് മെഡിസിൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾക്ക് മരുന്നുകളും ഇൻജക്ഷനും നൽകിയെങ്കിലും ഫലമുണ്ടായില്ല. വാർഡിലുണ്ടായിരുന്ന ഡോക്ടർമാരും കൂട്ടിരിപ്പുകാരും ചേർന്ന് ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും കത്തിയുമായി പാഞ്ഞടുത്തതോടെ എല്ലാവരും ചിതറിയോടി. പ്രായമായവർ ഉൾപ്പെടെ 40-ഓളം രോഗികളാണ് ഈ സമയം വാർഡിലുണ്ടായിരുന്നത്.
പുലർച്ചെ മൂന്ന് മണിയോടെ അക്രമം അതിരൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തി ഇയാളെ ബലമായി കട്ടിലിൽ ബന്ധിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ഈ സംഭവം മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വീണ്ടും ചർച്ചയാക്കി. അക്രമാസക്തരാകുന്ന രോഗികളെ മാറ്റിപ്പാർപ്പിക്കാൻ ലോക്ക് അപ്പ് സൗകര്യമുള്ള പ്രത്യേക മുറികൾ ഇവിടെയില്ല. നിലവിലുള്ള സൈക്യാട്രി വാർഡിൽ പോലും വാതിലുകൾക്കും ജനലുകൾക്കും മതിയായ ബലമില്ലാത്തത് സുരക്ഷാ ഭീഷണിയുയർത്തുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേതുപോലെ സുരക്ഷാ വാതിലുകളുള്ള പ്രത്യേക മുറികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ സർക്കാരിനെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.