മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി മാണി സി കാപ്പൻ. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വസതിയിലാണ് നിർണ്ണായക കൂടിക്കാഴ്ച നടന്നത്. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് തിരിച്ചെത്തിയാൽ ഉണ്ടാകാനിടയുള്ള സീറ്റ് വിഭജനത്തിലെ തർക്കങ്ങളാണ് പ്രധാനമായും ചർച്ചയായതെന്നാണ് വിവരം.(Mani C Kappan meets PK Kunhalikutty)
ജോസ് കെ. മാണിയും സംഘവും യുഡിഎഫിലേക്ക് വന്നാൽ അവർക്ക് ഏറ്റവും താല്പര്യമുള്ള പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി. കാപ്പൻ തന്റെ കർശന നിലപാട് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. "ജോസ് കെ. മാണി യുഡിഎഫിലേക്ക് വരുന്നതിൽ തനിക്ക് എതിർപ്പില്ല, എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല" എന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പാലായിൽ താൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകാൻ ലീഗ് തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. മലയോര മേഖലയിൽ സ്വാധീനമുള്ള മാണി ഗ്രൂപ്പിന് ഈ സീറ്റ് നൽകുന്നതിലൂടെ വിട്ടുവീഴ്ചയ്ക്ക് ലീഗ് തയ്യാറാണെന്നാണ് അറിയുന്നത്.
മാണി സി. കാപ്പന്റെ പാർട്ടിയായ കെഡിപി നിലവിൽ മത്സരിക്കുന്ന എലത്തൂർ സീറ്റ് ലീഗിന് വിട്ടുനൽകാനും പകരം മറ്റൊരു സുരക്ഷിത സീറ്റ് കാപ്പന് നൽകാനും ചർച്ചകൾ നടക്കുന്നുണ്ട്.
അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ ജോസ് കെ. മാണി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇടതുമുന്നണിയുടെ സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വിശദീകരണം നടത്താൻ അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.