

മംഗളൂരു: ശബരിമല തീർത്ഥാടനത്തിനിടെ കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ഉള്ളാൾ സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടു സ്വദേശി ചന്ദ്രഹാസ് ഷെട്ടി (55) ആണ് മരിച്ചത്. മിനറൽ വാട്ടർ ബിസിനസുകാരനായിരുന്നു അദ്ദേഹം.
ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തസംഘത്തോടൊപ്പമാണ് ചന്ദ്രഹാസ് ഷെട്ടി മലയ്ക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച എരുമേലിയിൽ നിന്നും കാനനപാത വഴി പമ്പയിലേക്ക് നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബം വർഷങ്ങളായി ബക്രബെയ്‌ലിൽ താമസിച്ചിരുന്ന ചന്ദ്രഹാസ് ഷെട്ടി 10 വർഷം മുമ്പാണ് പിലാരുവിൽ സ്വന്തമായി വീട് നിർമ്മിച്ച് താമസം മാറിയത്. ഭാര്യയും ഒരു മകളും മകനുമുണ്ട്. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ നാട് ഒന്നടങ്കം ദുഃഖത്തിലാണ്.