ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം ; ദർശനം നടത്തിയത് 12 ലക്ഷത്തോളം ഭക്തർ | Sabarimala Pilgrimage

നവംബർ 16 മുതൽ 29 വൈകിട്ട് ഏഴ് വരെ ദര്‍ശനം നടത്തിയത് 11,89088 തീര്‍ഥാടകരാണ്.
sabarimala
Updated on

ശബരിമല: ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീര്‍ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോൾ ദർശനം നടത്തിയത് 12 ലക്ഷത്തോളം തീർഥാടകർ. നവംബർ 16 മുതൽ 29 വൈകിട്ട് ഏഴ് വരെ ദര്‍ശനം നടത്തിയത് 11,89088 തീര്‍ഥാടകരാണ്.

ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 61,190 പേർ മല കയറി. തിരക്ക് നിയന്ത്രിക്കുന്നതിനായി, സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍നിന്ന് തീർഥാടകരെ കയറ്റിവിടുന്നത്. ദീർഘനേരം കാത്തിരിക്കാതെ സുഗമവും കൃത്യസമയത്തുമുള്ള ദർശനം ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. തുടർച്ചയായ തിരക്ക് കണക്കിലെടുത്ത് ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് 5,000 ആയി നിജപ്പെടുത്തി.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ഭക്തർ എത്തുന്നതിനാൽ ശബരിമല തീർഥാടകർക്കായി കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ചു. പമ്പ–കോയമ്പത്തൂർ കെഎസ്ആർടിസി ബസ് കോയമ്പത്തൂരിൽ നിന്ന് രാത്രി 9:30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9 മണിക്ക് പമ്പയിൽ നിന്ന് മടങ്ങും. ഇന്ന് മുതൽ പുനലൂർ ഡിപ്പോ പമ്പ–തെങ്കാശി റൂട്ടിൽ സർവീസ് നടത്തും, വൈകുന്നേരം 7 മണിക്ക് തെങ്കാശിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9 മണിക്ക് പമ്പയിൽ നിന്ന് മടങ്ങും.

അതേ സമയം, ശബരിമലയില്‍ മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമക്കുന്നത് തടഞ്ഞ് ഹൈക്കോടതി. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ തന്നെ പമ്പയിലെത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നുകയറ്റുന്ന കാഴ്ച മല കയറുന്നവരുടെ മാനസികവിഷമം ഉണ്ടാക്കുമെന്നും കോടതി പരാമര്‍ശിച്ചു.

ശബരിമലയിലെത്തുന്നവരില്‍ ഓരോ വര്‍ഷവും ശരാശരി 180 തീര്‍ത്ഥാടകരെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍. ഇങ്ങനെ മല കയറുന്നതിനിടയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സ്‌ട്രെച്ചറില്‍ ചുമന്നാണ് പമ്പയിലേക്ക് എത്തിക്കാറുള്ളത്. എന്നാല്‍, മല കയറുന്ന മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കാഴ്ച അസ്വസ്ഥപ്പെടുത്തുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം.

Related Stories

No stories found.
Times Kerala
timeskerala.com