ശബരിമല: ശബരിമല സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ ദർശനം നടത്തിയത് 71,071 പേരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് വലിയ ജനപ്രവാഹമായിരുന്നു.
കൃത്യമായ നിയന്ത്രണങ്ങളിലൂടെ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമ ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ തീർഥാടകർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഈ തീര്‍ഥാടനകാലത്ത് ഇതുവരെ 8,48,085 തീർഥാടകരാണ് ദർശനം നടത്തിയത്.
അതേ സമയം, ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് അന്നദാനത്തിന് കേരളീയമായ സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അറിയിച്ചു. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയായിരിക്കും നൽകുക. പുതിയ ഭക്ഷണമെനു രണ്ടുദിവസത്തിനുള്ളിൽ നിലവിൽ വരും. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താനും തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു.
കൂടാതെ ശബരിമല വികസനം ഉറപ്പാക്കാനായി മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഡിസംബർ 18ന് ബോർഡും മാസ്റ്റർ പ്ലാൻ കമ്മിറ്റിയും തമ്മിൽ ചർച്ച നടത്തുമെന്നും 26ന് മാസ്റ്റർ പ്ലാൻ ഹൈപവർ കമ്മിറ്റിയും ചേരും. അടുത്ത വർഷത്തെ മണ്ഡലകാല സീസണുള്ള ഒരുക്കം ഫെബ്രുവരി ഒന്നിനുതന്നെ ആരംഭിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും കെ.ജയകുമാർ പറഞ്ഞു.