ശബരിമല : മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിനായി എത്തിയ തീർഥാടകരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടു.സ്‌പോട്ട് ബുക്കിങ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകി. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിങ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയിരുന്നു.
ദേവസ്വം ബോർഡും പൊലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിങ് അനുവദിക്കുന്നത്. വൈകീട്ട് ഏഴുവരെ നിലയ്ക്കലിലും വണ്ടിപ്പെരിയാറിലുമായി ഞായറാഴ്ച 11,516 പേരാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനത്തിനെത്തിയത്. തീർഥാടകർക്ക് സുഗമദര്‍ശനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ശബരിമലയിലും മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സജ്ജമാണ്.
അതേ സമയം, രാത്രി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.