
ആലപ്പുഴ: ഡയാലിസിസിനായി കാറിൽ ഒറ്റയ്ക്ക് പോയ യുവാവ് അരൂർ ഉയരപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുടുങ്ങി മരിച്ചു. അവശനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു. എഴുപുന്ന പഞ്ചായത്ത് ഏഴാം വാർഡ് ശ്രീഭദ്രത്തിൽ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത്. കുറച്ചുവർഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ദിലീപ് ആഴ്ചയിൽ രണ്ടുതവണ എറണാകുളത്തെ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു.(Man who went for dialysis in Aroor died before reaching the hospital)
ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അരൂർ അമ്പലം ജങ്ഷനു സമീപം വെച്ച് സംഭവം നടന്നത്. അരൂരിൽ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരൻ ഡിജു വി.ആർ. ആശുപത്രിയിൽ കൂട്ടുപോകാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ദിലീപിനെ പലവട്ടം ഫോൺ ചെയ്തിട്ടും എടുക്കാതെ വന്നപ്പോൾ ഡിജു അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിനുതാഴേക്ക് വാഹനം മാറ്റിയിട്ട നിലയിൽ ദിലീപിനെ കണ്ടെത്തിയത്.
തുടർന്ന് അദ്ദേഹം സമീപത്തുള്ള അമ്പലം ഓട്ടോറിക്ഷാ സ്റ്റാൻഡിലെ ഓട്ടോറിക്ഷക്കാരെ വിളിച്ചു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് അരൂർ പഞ്ചായത്തിന്റെ ആംബുലൻസെത്തി ഡയാലിസിസ് ചെയ്യുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊച്ചിയിലെ ആഡംബര വാഹന ഷോറൂമിലെ ജീവനക്കാരനാണ് ദിലീപ്.