തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽ യുവാവിനെ വകവരുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് ട്രെയിനിൽ കാമുകിക്കൊപ്പം വർക്കലയിലിറങ്ങിയ ഋഷിജിത്ത് എന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.(Man who tried to kill another at Varkala railway station has finally been arrested)
കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ബ്ലേഡ് കൊണ്ട് കഴുത്ത് മുറിക്കുകയും ചെയ്ത ശേഷം സംഘം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇന്ന് രാവിലെ മുഖ്യപ്രതിയായ ദീപകിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ആക്രമണത്തിന്റെ കാരണം വ്യക്തമായത്. ദീപകും ആക്രമിക്കപ്പെട്ട യുവാവിന്റെ സുഹൃത്തായ പെൺകുട്ടിയുമായി എട്ടുവർഷമായി സൗഹൃദത്തിലായിരുന്നു. പിന്നീട് പെൺകുട്ടി ഋഷിജിത്തുമായി അടുത്തു.
പെൺകുട്ടിയുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഋഷിജിത്ത് അനുസരിച്ചില്ല. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് ദീപക് പോലീസിന് മൊഴി നൽകി. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഋഷിജിത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി ആലപ്പുഴയിൽ ഒരു സ്വകാര്യ കോൾ സെന്ററിലെ ജീവനക്കാരിയാണ്.