റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജി അവർകളുടെ ഉത്തരവ് പ്രകാരം 2007 ലെ കേരള സാമുഹ്യ വിരുദ പ്രവർത്തനങ്ങൾ(തടയൽ) നിയമം വകുപ്പ് 15(1) (a) പ്രകാരം മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയ പ്രതി ഹരീഷ് ചീരക്കോട് അനിൽ, പാലക്കുളങ്ങര ഹൗസ്, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം, പുളിക്കൽ,പെരിയമ്പലം എന്നയാൾക്ക് മലപ്പുറം മജിസ്‌ട്രേറ്റ് കോടതി ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു. പരാതി അന്വേഷിക്കാനെത്തിയ എസ് ഐയെ കുത്തി കൊല്ലുവാൻ ശ്രമിച്ച കേസുൾപ്പെടെ നാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെ റേഷൻ കടയിൽ നിന്ന് റേഷൻ സാധനങ്ങൾ ഭീഷണിപെടുത്തി തട്ടി എടുത്ത കേസിൽ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൂന്നു മാസത്തോളം റിമാൻഡിൽ ആയിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസ് കാപ്പ നിയമ പ്രകാരം സ്വന്തം ജില്ലയിൽ പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി ആദ്യം ഇറക്കിയ കാപ്പ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ഏപ്രിൽ മാസം പതിനേഴാം തീയതി രാത്രി വീട്ടിൽ എത്തിയതിനെ തുടർന്നാണ് വീട്ടിൽ നിന്നും എസ് ഐ വി ജിഷിലിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി പോലീസ് പിടികൂടിയത്.
തുടർന്ന് വീണ്ടും ജയിലിലായ ഇയാൾക്കെതിരെ കൊണ്ടോട്ടി പോലീസ് കസ്റ്റഡി വിചാരണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോടതി വിചാരണ തുടങ്ങുകയും കുറ്റക്കാരനാണെന്നു കണ്ട് ശിക്ഷ വിധിക്കുകയുമായിരുന്നു. കാപ്പ നിയമം ലംഘിക്കുന്നവർക്കെതിരെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷ വിധിക്കുന്നത് സംസ്ഥാനത്ത് തന്നെ അപൂർവമാണെന്നും മലപ്പുറം ജില്ലയിൽ ഇത് ആദ്യമാണെന്നും കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ പറഞ്ഞു. കൊണ്ടോട്ടി എസ് ഐ വി ജിഷിൽ എസ് സി പി ഓ മാരായ അബ്ദുള്ള ബാബു,അജിത് കുമാർ എന്നിവരാണ് അന്വേഷനസംഘത്തിലുണ്ടായിരുന്നത്.