
ആലപ്പുഴ : കായംകുളത്ത് ആൾക്കൂട്ടക്കൊലപാതകം. മോഷണം ആരോപിച്ചാണ് 49കാരനെ ആളുകൾ തല്ലിക്കൊന്നത്. മരിച്ചത് കന്യാകുമാരി സ്വദേശിയായ ഷിബുവാണ്. രണ്ടു വയസുകാരിയുടെ സ്വർണ്ണച്ചെയിൻ മോഷ്ടിച്ച് എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. (Man was beaten to death by mob)
കുട്ടിയുടെ വീട്ടുകാരും അയൽവാസികളും ചേർന്നാണ് ഇയാളെ മർദ്ദിച്ചത്. സംഘത്തിൽ ഏഴു പേരുണ്ടായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇന്നലെ വൈകുന്നേരമാണ് നെഞ്ചിൽ ഇടിച്ചും മുഖത്ത് അടിച്ചും പുറത്ത് ചവിട്ടിയും ഷിബുവിനെ ഇവർ ക്രൂരമായി കൊലപ്പെടുത്തിയത്.
കേസിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതികളാണ്. കേസിലെ ഒന്നാം പ്രതി രതീഷാണ്. ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു, കണ്ടാലറിയാത്ത ഒരാൾ എന്നിവർ മറ്റു പ്രതികൾ. മർദ്ദനത്തിനിടെ കനാലിലേക്ക് തെറിച്ചു വീണ ഷിബുവിനെ അവിടെ നിന്നും പുറത്തെടുത്ത് വീണ്ടും മർദ്ദിച്ചു. വണ്ടാനം മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്.