തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ തെങ്ങ് കയറ്റത്തിനിടെ യന്ത്രം കുടുങ്ങി തെങ്ങിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. പിള്ളക്കാട് സ്വദേശി രവി (59) ആണ് ചാത്തൻകാട് നിഹാരിക നഗറിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കുടുങ്ങിയത്.(Man stuck on coconut tree, Rescue operation)
രാവിലെ തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയതായിരുന്നു രവി. എന്നാൽ മുകളിലെത്തിയപ്പോൾ ശക്തമായ കാറ്റിൽ തെങ്ങ് ആടിയുലയുകയും യന്ത്രം തെങ്ങിൽ കുടുങ്ങുകയും ചെയ്തു.
യന്ത്രം ശരിയാക്കാൻ രവി ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉയരമുള്ള തെങ്ങായതിനാൽ താഴേക്ക് ഇറങ്ങാൻ കഴിയാതെ വന്നതോടെ രവി നിലവിളിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ നിതിൻ, അനീഷ് എന്നിവരെ വിളിച്ചുവരുത്തി. നിതിൻ വേഗത്തിൽ തെങ്ങിൽ കയറി രവിയെ കയർ ഉപയോഗിച്ച് തെങ്ങുമായി ബന്ധിപ്പിച്ചു. ഇത് അദ്ദേഹം താഴെ വീഴാതിരിക്കാൻ സഹായിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം രവിയെ സുരക്ഷിതമായി താഴെയിറക്കിയത്. രണ്ട് മണിക്കൂറോളം തെങ്ങിന് മുകളിൽ കുടുങ്ങിക്കിടന്ന രവി ശാരീരികമായി തളർന്ന് അവശനായിരുന്നു. താഴെയിറക്കിയ ഉടൻ തന്നെ അദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.