
തൃശ്ശൂര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകന് നാലുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തലപ്പിള്ളി പൈങ്കുളം കിഴക്കേചോലയില്‍ അജിത്തി(34)നെയാണ് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധികംതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.
2019 ഏപ്രില്‍ 10-ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടുപണിക്കുവേണ്ടി കൊടുത്ത പണം വീട്ടുകാരില്‍നിന്ന് തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബവീട്ടിലേക്ക് എത്തി ഗൃഹോപകരണങ്ങൾ അടക്കം അടിച്ച് തകർക്കുകയായിരുന്നു. തടയാന്‍ വന്ന അമ്മയുടെ കഴുത്തിനു നേരേ വാള്‍ വീശി. ഇതു തടയുന്നതിനിടെയാണ് ഇവരുടെ കൈപ്പത്തിക്ക് പരിക്കേറ്റത്.