റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം : യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി. കൊണ്ടോട്ടി പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സംഭവത്തിൽ 2 പേർ പിടിയിലായി. ഇന്നലെ രാവിലെ പുളിക്കലിൽ നിന്നാണ് കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലു എന്ന 36 കാരനെ 5 അംഗ സംഘം തട്ടി കൊണ്ടുപോയത്.
വൈകീട്ടോടെ കിഴിശ്ശേരി തൃപനച്ചിയിലെ ആളൊഴിഞ്ഞ വീട്ടിൽ പോലീസ് എത്തിയാണ് അവശനിലയിലായ കെട്ടിയിട്ട നിലയിലുള്ള മുഹമ്മദ് ഷാലുവിനെ മോചിപ്പിച്ചത്. മർദ്ദനത്താൽ പല്ല് കൊഴിഞ്ഞതായും മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് കെട്ടിയിട്ട രീതിയിലുമാണ് യുവാവ് ഉണ്ടായിരുന്നത്.
നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തട്ടികൊണ്ടു പോയ സംഘത്തിലെ മോങ്ങം സ്വദേശികളായ 2 പേർ പിടിയിലായി. 5 പേരാണ് തട്ടികൊണ്ടു പോയ സംഘത്തിലുണ്ടായിരുന്നത്. രണ്ട് വർഷം മുമ്പുള്ള സ്വർണ്ണ കടത്തുമായുള്ള ഇടപാടുകളാണ് "സ്വർണ്ണംപൊട്ടിക്കൽ " തട്ടികൊണ്ടു പോകലിന് പിന്നിൽ എന്നാണ് സൂചന