ആലപ്പുഴയിൽ ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | Dead

ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.
ആലപ്പുഴയിൽ ക്ഷേത്ര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | Dead
Published on

ആലപ്പുഴ: തുറവൂർ ടി.ഡി. ക്ഷേത്രക്കുളത്തിൽ പട്ടണക്കാട് സ്വദേശിയായ സമ്പത്ത് (44) എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.(Man found dead in temple pond in Alappuzha)

ഇയാൾ ക്ഷേത്ര ജീവനക്കാരുടെയും പോലീസിൻ്റെയും പരസ്യ വിചാരണ നേരിടുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമ്പത്തിനെ മോഷ്ടാവാണ് എന്ന് ആദ്യം കരുതിയെന്നും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉണ്ടായ സ്വാഭാവിക ബലപ്രയോഗം മാത്രമാണ് ഞായറാഴ്ച നടന്നതെന്നുമാണ് കുത്തിയതോട് പോലീസ് നൽകുന്ന വിശദീകരണം. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത് പിന്നീടാണെന്നും പോലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്ത സമ്പത്തിനെ അന്ന് തന്നെ കുടുംബത്തെ വിളിച്ചുവരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു. എന്നാൽ, തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബം പട്ടണക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ടി.ഡി. ക്ഷേത്രക്കുളത്തിൽ സമ്പത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. സംഭവത്തിൽ അസ്വഭാവികതയുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പട്ടണക്കാട് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com