അടിമാലിയിൽ മണ്ണിടിച്ചിൽ : വീട് തകർന്നു, ഒരാൾക്ക് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ, ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയയെന്ന് നാട്ടുകാർ | Landslide

മഴ മൂലമുണ്ടായ അപകടമല്ലെന്നും, ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്നും ബിജുവിൻ്റെ അനിയൻ്റെ ഭാര്യ പറഞ്ഞു
അടിമാലിയിൽ മണ്ണിടിച്ചിൽ : വീട് തകർന്നു, ഒരാൾക്ക് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ, ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയയെന്ന് നാട്ടുകാർ | Landslide
Published on

ഇടുക്കി : കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനിക്ക് സമീപം രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. വീട് പൂർണ്ണമായി തകർന്ന് സിമൻ്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജു (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സന്ധ്യയെ (42) മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.(Man dies tragically in Landslide in Idukki)

കൂമ്പാറയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ ബിജുവിനെയും സന്ധ്യയെയും പുറത്തെത്തിക്കാൻ അഞ്ചുമണിക്കൂറിലധികം നീണ്ട ശ്രമമാണ് നടന്നത്. ആദ്യം പുറത്തെത്തിച്ച സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയെ രക്ഷിച്ച് ഒരു മണിക്കൂറിന് ശേഷമാണ് ഭർത്താവ് ബിജുവിനെ പുറത്തെത്തിക്കാനായത്. പുറത്തെടുക്കുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന ബിജുവിനെ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി ഏകദേശം 10.30 ഓടെയാണ് പ്രദേശത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിള്ളലുണ്ടായിരുന്ന ഭാഗം ഇടിഞ്ഞ് ദേശീയപാതയിലേക്കും, താഴെയുള്ള ആറോളം വീടുകളിലേക്കുമാണ് പതിച്ചത്. മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകൾ പൂർണ്ണമായി തകർന്നു.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തുനിന്ന് 25 ഓളം കുടുംബങ്ങളെ നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിലായിരുന്ന ബിജുവും സന്ധ്യയും, പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകളും രേഖകളും എടുക്കുന്നതിന് വേണ്ടി രാത്രി എട്ടരയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്.

ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മണ്ണിൻ്റെ ഘടന മനസ്സിലാക്കാതെ വ്യാപകമായി മണ്ണെടുത്തതും, നിബന്ധനകൾ പാലിക്കാത്തതുമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലും കമ്പനി മണ്ണെടുപ്പ് തുടർന്നു. നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് മണ്ണെടുപ്പ് തുടർന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മഴ മൂലമുണ്ടായ അപകടമല്ലെന്നും, ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്നും ബിജുവിൻ്റെ അനിയൻ്റെ ഭാര്യ പറഞ്ഞു. മണ്ണെടുപ്പിനെ തുടർന്ന് പ്രദേശത്ത് വലിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും അവർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ സന്ധ്യ വീടിനടിയിൽ ആറ് മണിക്കൂറോളം കുടുങ്ങിപ്പോയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com