തിരുവനന്തപുരം: പാലോട് - ഇടിഞ്ഞാർ റോഡിൽ ബൈക്ക് യാത്രികനായ യുവാവ് മരക്കൊമ്പ് വീണ് മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് വീട്ടിൽ ഷൈജു (ഹർഷകുമാർ - 47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30-ഓടെ ബ്രൈമൂർ - പാലോട് റൂട്ടിലെ മുല്ലച്ചൽ വളവിലായിരുന്നു അപകടം.(Man dies after tree branch falling on his head in Thiruvananthapuram)
സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത ശേഷം ബന്ധുവായ ജോയിയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഷൈജു. റോഡരികിൽ ഉണങ്ങി നിന്നിരുന്ന മാഞ്ചിയം മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് ഷൈജുവിന്റെ തലയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു ഷൈജു ഇരുന്നിരുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ഷൈജു സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചു.
മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്.