

തിരുവനന്തപുരം: പാലോട് ദൈവപ്പുരയിൽ പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ദൈവപ്പുര മുത്തിക്കാമല സ്വദേശി വിൽസൺ (50) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പാലോട് പൊലീസ് കേസെടുത്തു.(Man dies after getting shock from pig trap, Police file case)
വീടിന് സമീപമുള്ള പുരയിടത്തിൽ ആടിന് തീറ്റയെടുക്കാൻ പോയപ്പോഴാണ് വിൽസണ് അപകടം സംഭവിച്ചത്. സമീപവാസി കാട്ടുപന്നിയെ പിടിക്കാൻ സ്ഥാപിച്ച കമ്പിയിൽ വീട്ടിൽ നിന്ന് അനധികൃതമായി വൈദ്യുതി കടത്തിവിടുകയായിരുന്നു. പെരിങ്ങമ്മല ഇലക്ട്രിക്കൽ സെക്ഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ നിന്നാണ് കെണിയിലേക്ക് കണക്ഷൻ നൽകിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇല വെട്ടാൻ പോയ വിൽസൺ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഐ.എൻ.ടി.യു.സി ലോഡിങ് തൊഴിലാളിയായിരുന്ന വിൽസൺ സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കോൺഗ്രസ് വാർഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ദളിത് കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.