കോട്ടയം: കൂവപ്പള്ളിയിലെ വാടകവീട്ടിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി മാത്യുവിനെ (45) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കോട്ടയം ആലുംമൂട് സ്വദേശി ജോബ് (35) തൂങ്ങിമരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.(Man commits suicide after the murder of woman in Kottayam, More details revealed)
ജോബും ഷേർളിയും തമ്മിൽ ദീർഘകാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആറ് മാസം മുൻപാണ് ഇവർ കൂവപ്പള്ളിയിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. എന്നാൽ ജോബ് ഇടയ്ക്കിടെ മാത്രമാണ് ഈ വീട്ടിൽ എത്തിയിരുന്നത്.
ഷേർലിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷേർലിയുടെ മൃതദേഹം. കഴുത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇതേ മുറിയിൽ തന്നെയാണ് ജോബിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.