പാലക്കാട് : ഒറ്റപ്പാലത്ത് ഡി വൈഫ് ഐ നേതാക്കൾ അതിക്രൂരമായി ആക്രമിച്ച വിനേഷിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇയാൾ 48 മണിക്കൂർ വെൻറിലേറ്റർ നിരീക്ഷണത്തിലാണ്. തലയ്‌ക്കേറ്റ പരിക്കുകൾ അതീവഗുരുതരമാണ്. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ട്. (Man attacked by DYFI leaders in Palakkad)
സി പി എം നേതാക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പാർട്ടി സെക്രട്ടറിയേറ്റ് അംഗം എം ആർ മുരളിയും ആശുപത്രിയിൽ എത്തി. ആക്രമണം വ്യക്തിപരമായ തർക്കങ്ങൾ മൂലമാണെന്നാണ് സി പി എം പറഞ്ഞത്.
ഗുരുതരമായി പരിക്കേറ്റത് പനയൂർ സ്വദേശി വിനേഷിനാണ്. ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ വെൻ്റിലേറ്ററിലാണ്. ആക്രമണത്തിൽ കലാശിച്ചത് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയിട്ട കമൻറിനെച്ചൊലിയുള്ള തർക്കമാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
പ്രതികൾ കോഴിക്കോട് നിന്നും പിടിയിലായി എന്ന് സൂചനയുണ്ട്. ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടു പേർ പിടിയിലായി എന്നാണ് വിവരം.