കണ്ണൂർ: മദ്യലഹരിയിൽ നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവ് പിടിയിലായി. ഇന്നലെ രാത്രി 10 മണിയോടെ താവക്കരയിലെ ഹോസ്റ്റലിൽ കടന്നുകയറാൻ ശ്രമിച്ചയാളാണ് പോലീസിന്റെ പിടിയിലായത്.(Man arrested for trying to break into women's hostel at night)
ഹോസ്റ്റലിലെ താമസക്കാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ജീപ്പിലാണ് പ്രതി ഹോസ്റ്റലിനടുത്തേക്ക് എത്തിയത്. പുറത്ത് ജീപ്പ് നിർത്തി മതിൽ ചാടിക്കടക്കുന്നത് താമസക്കാരായ പെൺകുട്ടികളിൽ ചിലർ കണ്ടതിനെ തുടർന്ന് ഇവർ വാർഡനെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ പരിശോധിക്കാൻ ഇറങ്ങിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതിയുടെ ഉദ്ദേശ്യമെന്തായിരുന്നു, കൂടെ മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.