വൻ ട്വിസ്റ്റ് : ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ചയാളും ഡോക്ടറെ മർദ്ദിച്ച യുവതിയും അറസ്റ്റിൽ | Obscene message

യുവതിയുടെ പിതാവിനെ ശുശ്രൂഷിച്ച ഡോക്ടറുടെ പേര് ഉപയോഗിച്ചാണ് നൗഷാദ് വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങിയത്
വൻ ട്വിസ്റ്റ് : ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ലീല സന്ദേശം അയച്ചയാളും ഡോക്ടറെ മർദ്ദിച്ച യുവതിയും അറസ്റ്റിൽ | Obscene message
Published on

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ യുവതിയും, ഡോക്ടറുടെ പേരിൽ യുവതിക്ക് വ്യാജ സന്ദേശങ്ങൾ അയച്ച ആൾമാറാട്ടക്കാരനും അറസ്റ്റിൽ. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, ഡോക്ടറെ മർദ്ദിച്ച കുരുവട്ടൂർ സ്വദേശിനിയായ 39കാരി എന്നിവരാണ് അറസ്റ്റിലായത്.(Man arrested for sending obscene message to woman in doctor's name)

ഡോക്ടർ നൽകിയ പരാതിയിൽ നടന്ന അന്വേഷണമാണ് സംഭവത്തിലെ ഞെട്ടിക്കുന്ന വഴിത്തിരിവായത്. ഡോക്ടർ എന്ന വ്യാജേന മറ്റൊരു സിംകാർഡ് ഉപയോഗിച്ച് വാട്സാപ്പ് അക്കൗണ്ട് തുടങ്ങിയ മുഹമ്മദ് നൗഷാദ്, യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയും പിന്നീട് അശ്ലീല സന്ദേശങ്ങൾ അയച്ചും നിരന്തരം ശല്യം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ യുവതിയുടെ പിതാവ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ സമയത്ത്, മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായി നൗഷാദും എത്തിയിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാൾ യുവതിയുടെ ഫോൺ നമ്പർ വാങ്ങിയത്.

യുവതിയുടെ പിതാവിനെ ശുശ്രൂഷിച്ച ഡോക്ടറുടെ പേര് ഉപയോഗിച്ചാണ് നൗഷാദ് വാട്സ്ആപ്പ് അക്കൗണ്ട് തുടങ്ങിയത്. വിവാഹ വാഗ്ദാനത്തിന് പുറമെ യുവതിയിൽ നിന്ന് 40,000 രൂപയും ഇയാൾ തട്ടിയെടുത്തതായും പരാതിയുണ്ട്. നൗഷാദിൻ്റെ തട്ടിപ്പിൽ കുടുങ്ങിയ യുവതി, ഡോക്ടർ തന്നെയാണ് തനിക്ക് സന്ദേശം അയക്കുന്നതെന്ന് വിശ്വസിച്ചു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെത്തി പി.ജി. വിദ്യാർത്ഥികൾക്കും രോഗികൾക്കും മുന്നിൽവെച്ച് ഡോക്ടറുടെ മുഖത്തടിച്ചത്.

എന്താണ് സംഭവമെന്ന് അറിയാതെ ഡോക്ടർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് ആൾമാറാട്ട കഥ പുറത്തുവന്നതും, നൗഷാദാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തിയതും. തുടർന്ന് നൗഷാദിനെയും ഡോക്ടറെ മർദ്ദിച്ച യുവതിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com