വയനാട്: സിപ് ലൈൻ തകർന്ന് അപകടമുണ്ടായി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സ്വദേശി അഷ്കർ അലി അറസ്റ്റിലായി. വയനാട് സൈബർ സെൽ സി.ഐ. ഷാജു ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.(Man arrested for making fake video of zip line accident in Wayanad)
അറസ്റ്റിലായ അഷ്‌കർ അലി ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. വ്യാജ വീഡിയോ നിർമ്മിച്ചതിന്റെ കാരണം വ്യക്തമല്ല.
സിപ് ലൈൻ തകർന്ന് യുവതിയും കുഞ്ഞും താഴേക്ക് വീഴുന്നതും, ഓപ്പറേറ്റർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീഴുന്നതുമായ ദൃശ്യങ്ങളാണ് 'വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത്' എന്ന അടിക്കുറിപ്പോടെ വ്യാപകമായി പ്രചരിച്ചത്. ഈ വീഡിയോ ഒരു എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വീഡിയോ ആണെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു.
ഇത്തരത്തിൽ ഒരു അപകടവും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഉണർന്നു വരുന്ന വയനാട്ടിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലായിരുന്നു വ്യാജ വീഡിയോയുടെ പ്രചാരണം. ഇതേ തുടർന്നാണ് സൈബർ പോലീസ് ശക്തമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.