മലപ്പുറം: വളാഞ്ചേരിയിൽ 23 വയസ്സുകാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. ആതവനാട് കാട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷാഫിയെ (37) ആണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.(Man arrested for kidnapping and raping mentally challenged youth)
ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന മാനസിക വൈകല്യമുള്ള യുവാവിനെ സിനിമ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതി ഓട്ടോയിൽ കയറ്റി കൊണ്ടുപോയി. പട്ടാമ്പി റോഡിലെ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള കുറ്റിക്കാട്ടിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് യുവാവിനെ മാരകമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു.
പ്രതി മുഹമ്മദ് ഷാഫി നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2020-ൽ 16 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഇയാൾക്കെതിരെ പോക്സോ (POCSO) കേസുണ്ട്. ചൊവ്വാഴ്ച ആതവനാട് വെച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ, എസ്.സി.പി.ഒ ശൈലേഷ്, സി.പി.ഒ വിജയ നന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.